Saturday, March 17, 2007

സിബിറ്റ്, ആഗോള ഐ.ടി. മേള... ഹാനോവര്‍, ജര്‍മ്മനി...

ലോകത്തിലെ ഏറ്റവും വലിയ ഐ.ടി എക്സിബിഷന്‍ എന്നറിയപ്പെടുന്ന സിബിറ്റ് കാണാന്‍ പോയ ചിത്രങ്ങളാണ് ഈ പോസ്റ്റില്‍. ജര്‍മ്മനിയിലെ ഹാനോവറില്‍ വെച്ചാണ്, ലോകത്തിലെ ഒട്ടുമിക്ക വിവരസാങ്കേതിക രംഗത്തെ പ്രമുഖരെല്ലാം പങ്കെടുക്കുന്ന ഈ മേള ഇപ്പോള്‍ നടക്കുന്നത്. ഇവിടേയ്ക്ക് ഇന്നു, ഞാനും സുഹൃത്ത് സുജിത്തും കൂടി, നമ്മുടെ കസ്റ്റമര്‍ കമ്പനിയുടെ ക്ഷണ പ്രകാരം പോയിരുന്നു. അവരുടെ ഒരു പവലിയന്‍ അവിടെ ഉണ്ടായിരുന്നു, അതു നമ്മളൊക്കെ ഒന്നു കണ്ടിരിക്കട്ടെ എന്നവര്‍ വിചാരിച്ചു കാണും.
രാവിലെ തന്നെ അഞ്ചേ മുപ്പതിനു റെഡിയായിരിക്കാനാണ് ഞങ്ങളോട് പറഞ്ഞിരുന്നത്, ഹാനോവറിലേയ്ക്ക് ഞങ്ങള്‍ താമസിക്കുന്ന ഡോര്‍മുണ്ടില്‍ നിന്നും ഏകദേശം ഇരുന്നൂറോളം കിലോമീറ്റര്‍ ദൂരം വരും, രണ്ടു മണിക്കൂര്‍ കൊണ്ട് കാറില് നമ്മളെ ‍അവിടെ എത്തിച്ചു.
രാവിലെ ഒന്‍പതു മണി മുതലാണ് പ്രദര്‍ശനം തുറന്നു കൊടുക്കുന്നത്, കൂടെ വന്ന കമ്പനിയുടെ ആളുകള്‍ക്കു അവരുടെ പവലിയനില്‍ ഒരുക്കങ്ങള്‍ ചെയ്യേണ്ടതു കൊണ്ട് നമ്മുടെ കയ്യില്‍ എന്‍‌ട്രി പാസ് തന്നിട്ടു അവര്‍ പോയി. ധാരാളം സമയമുള്ളതുകൊണ്ട് അവിടെ ആകെ ഒന്നു കറങ്ങാന്‍ തീരുമാനിച്ചു. പൊതുജനങ്ങള്‍ ടിക്കറ്റ് എടുത്ത് കയറണമെങ്കില്‍ 38 യൂറോ വേണമത്രേ!! ദൈവമേ!! 2200ഓളം രൂപ, പിന്നെ വിദ്യാര്‍ത്ഥികള്‍ക്കൊക്കെ ഇളവുണ്ട്..എന്നാലും അധികം ഇല്ല. പക്ഷെ ഒരു പൂരത്തിന്റെ ആളവിടെ ഉണ്ടായിരുന്നു.
ബാര്‍കോഡ് റീഡറില്‍ എന്‍‌ട്രി പാസ് കാണിച്ക് ഉള്ളില്‍ കടന്നപ്പോള്‍ ഞെട്ടിപ്പോയി... അതാ വീണ്ടും പുറത്തേയ്ക്ക് ഒരു വഴി, കടന്നല്‍ കൂട്ടം ഇളകി വരുന്ന പോലെ ആളുകള്‍ പുറത്തേയ്ക്കിറങ്ങുന്നു... ഇതൊരു വലിയ ഏരിയാ ഉണ്ട്.. അവിടെ കാണുന്ന കെട്ടിടങ്ങള്‍ മുഴുവനും പ്രദര്‍ശനം ആണ്.. വലിയ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍ പോലെയുള്ള ഇരുപത്തി ഒന്ന് കെട്ടിടങ്ങള്‍ ഉണ്ട്, എന്തായാലും ഇറങ്ങിയതല്ലേ... ഒരറ്റത്തു നിന്നു തുടങ്ങി.
ഐ.ബി.എം., മൈക്രോസോഫ്റ്റ്, എസ്.എ.പി, ഒറാക്കിള്‍ മുതല്‍... ചെറിയ നമ്മുടെ ബാംഗ്ലൂരിലെ കമ്പനികള്‍ വരെ ഉണ്ട്, പിന്നെ കാനണ്‍, മെഴ്സിഡസ്, ബി.എം.ഡ്ബ്ലു., കൊഡാക്ക്, തോഷിബാ, അങ്ങിനെ മറ്റുപലതും. നടന്നു കണ്ടു.. പിന്നെ നമ്മുടെ നാട്ടുകാരെ പോലെ തന്നെ ജര്‍മ്മന്‍‌കാരും, അവരും അവിടെ ഫ്രീ വല്ലതും കിട്ടുന്നുണ്ടോ എന്നു നോക്കാന്‍ തന്നെയാണ് വന്നിരിക്കുന്നത്.
അങ്ങിനെ നടന്നു കൊണ്ടിരിക്കുമ്പോള്‍ അതാ “കേരളാ“ എന്നൊരു ബോര്‍ഡ്, ഞെട്ടിപ്പോയി!!! കാരണം... അവിടെ അങ്ങിനെ ഒന്ന് പ്രതീക്ഷിച്ചിട്ടില്ല... കേരളാ ഐ.ടി വകുപ്പിന്റെ ആണു പവലിയന്‍. ടെക്നോപാര്‍ക്ക് സി.ഇ.ഒ. അവിടെ ഉണ്ടായിരുന്നു, അദ്ദേഹം മാത്രം. പിന്നെ നമ്മളും കുറച്ചു നേരം അവിടെ അദ്ദേഹത്തിനു കൂട്ടായി അവിടെ നിന്നു. നമുക്കെന്ത് വേറെ പണി... അദ്ദേഹത്തിന്റെ കൂടെ ഐ.ടി സെക്രട്ടറിയും പിന്നെ ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ യും ഒക്കെ വരാനിരുന്നതാണത്ര!... പിന്നെ തുറന്നു പറയാണെങ്കില്‍, ഇതു പോലെയുള്ള അന്താരാഷ്ട പ്രദര്‍ശനങ്ങളില്‍ പ്രദര്‍ശിപ്പിക്കേണ്ട സ്റ്റാന്‍ഡേര്‍ഡില്‍ ചെയ്ത ഒന്നും അവിടെ ഉണ്ടായിരുന്നില്ല, അവിടുത്തെ ഏറ്റവും മോശം പവലിയന്‍ നമ്മുടെ കേരളത്തിന്റേതാണെന്നു വേദനയോടെയാണെങ്കിലും പറയാതെ വയ്യ.
അവിടെ നിന്നു തിരിച്ചു പോരാന്‍ നോക്കുമ്പോഴാണ് മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ അവിടെ കണ്ടത്. ഒരു ഇന്ത്യാക്കാരെ പോലും പൊടിപോലുമില്ല കണ്ടു പൊടിക്കാന്‍ എന്നു കരുതിയിരിക്കുമ്പോഴാണ് അദ്ദേഹത്തെ കണ്ടത്. ഒപ്പം വേറെ രണ്ടു മൂന്നാളുകളും ഉണ്ട്. സംസാരിച്ചു, ഫോട്ടോയും എടുത്തു.
കൂടുതല്‍ വിവരിച്ച് ബോറടിപ്പിക്കുന്നില്ല, ചിത്രങ്ങളിലേയ്ക്ക്....
എങ്ങിനെയുണ്ട്... ????

1 comment:

വിപിന്‍ said...

ജര്‍മനി - കാറുകളുടെ രാജ്യം. ടിവിയിലും ഇന്റെര്‍നെറ്റിലുമൊക്കെയേ കണ്ടിട്ടുള്ളൂട്ടോ. ഫോട്ടോകളും വീഡിയോയും എല്ലാം ഭംഗിയായിട്ടുണ്ട്. പിന്നെ ഇത്രയും വലിയ ഒരു മേളയില്‍ മറ്റുള്ളവരുടെ ഒപ്പമെത്താനായില്ലെങ്കിലും നമ്മുടെ കൊച്ചു കേരളത്തിന് പങ്കെടുക്കാനായതില്‍ നമുക്ക് സന്തോഷിക്കാം അല്ലേ.

പിന്നെ, നമ്മുടെ പേരുകള്‍ തമ്മില്‍ ഒരു ‘ചെറിയ’ സാമ്യം ഉണ്ടല്ലേ
വിപിന്‍ കൃഷ്ണദാസ് :-)